08:47pm 27 June 2026
NEWS
യുഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗത്തിൽ ലീ​ഗ് എംഎൽഎമാർ പങ്കെടുക്കില്ല
14/05/2026  10:19 AM IST
nila
യുഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗത്തിൽ ലീ​ഗ് എംഎൽഎമാർ പങ്കെടുക്കില്ല

മലപ്പുറം: കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വത്തിനിടെ നിർണായക നീക്കവുമായി മുസ്ലിം ലീഗ്. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന യുഡിഎഫ് പാർലമെന്ററി പാർട്ടി യോ​ഗത്തിൽ ലീ​ഗ് എംഎൽഎമാർ പങ്കെടുക്കില്ല എന്നാണ് റിപ്പോർട്ട്.  വി.ഡി. സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ് പരിഗണിക്കുമെന്ന പ്രതീക്ഷയാണ് ലീഗ് നേതൃത്വം. ഇന്നലെ പാണക്കാട് ചേർന്ന നേതൃയോഗത്തിലും സതീശന് അനുകൂലമായ അന്തരീക്ഷമാണ് വിലയിരുത്തപ്പെട്ടത്. കോൺ​ഗ്രസിന്റെ മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ മുസ്ലീം ലീ​ഗിന്റെ പാർലമെന്ററി പാർട്ടി യോ​ഗം ചേരും. സതീശനല്ല മുഖ്യമന്ത്രിയെങ്കിൽ ഈ യോ​ഗത്തിൽ നിർണായക തീരുമാനങ്ങളുണ്ടാകും എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. 

മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് വീണ്ടും ലീഗ് നേതാക്കൾ യോഗം ചേരും. പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിലാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. സതീശന് പകരം മറ്റാരെയെങ്കിലും മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചാൽ ലീഗിന്റെ തുടർനിലപാട് ഈ യോഗത്തിൽ നിർണായകമായി ചർച്ചയാകുമെന്നാണ് സൂചന.

ഇതിനിടെ മുഖ്യമന്ത്രിയാരെന്ന കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഇതുവരെ ഔദ്യോഗിക സൂചന നൽകിയിട്ടില്ല. രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതൃത്വം നേതാക്കളെ വിളിച്ച് തീരുമാനം അറിയിച്ചിട്ടില്ലെന്നും റിപ്പോർട്ടുകളുണ്ട്. ഘടകകക്ഷികളോടും പേരിനെക്കുറിച്ച് വ്യക്തത വരുത്തിയിട്ടില്ല.

ഇന്ന് ഉച്ചയ്ക്ക് രണ്ടിന് എംഎൽഎമാർ എത്തുന്നതിൽ മുസ്ലിം ലീഗ് അസൗകര്യം അറിയിച്ചതായും വിവരമുണ്ട്. രാവിലെ ലീഗ് പ്രത്യേക യോഗം ചേരാനിടയുണ്ടെന്ന സൂചനയും പുറത്ത് വരുന്നു. അതേസമയം, ഗവർണർക്കു സമർപ്പിക്കേണ്ട കത്തിനായുള്ള ഒപ്പുകൾ ശേഖരിക്കുന്ന നടപടികളിലേക്ക് കോൺഗ്രസ് നേതൃത്വം കടന്നു.

ഹൈക്കമാൻഡ് തീരുമാനം വന്നാൽ ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ലീഗ് നേതൃത്വം ചുമതലപ്പെടുത്തിയിട്ടുണ്ട്. ഹൈക്കമാൻഡ് തീരുമാനം വന്നാൽ മാധ്യമങ്ങളെ കാണും. ലീഗിന്റെ മന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങൾ തീരുമാനിക്കാൻ സാദിഖലി തങ്ങളെ ചുമതലപ്പെടുത്തിയെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സംസ്ഥാനത്ത് ഭരണ സ്തംഭനം ഇല്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരിക്കാൻ പോകുന്നത് യുഡിഎഫ് ആണെന്ന് ഉദ്യോഗസ്ഥർക്ക് അറിയാം. ലീഗ് അടിയന്തര നേതൃയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, റഷീദലി തങ്ങൾ, പികെ കുഞ്ഞാലിക്കുട്ടി, പിഎംഎ സലാം, എം കെ മുനീർ, ഇടി മുഹമ്മദ് ബഷീർ, അബ്‍ദു സമദ് സമദാനി, പിവി അബ്‌ദുൽ വഹാബ്, കെപിഎ മജീദ് തുടങ്ങിയവരാണ് യോഗത്തിൽ പങ്കെടുത്തത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Malappuram
img